പ്രിയ സുഹൃത്തേ
കഴിഞ്ഞ കത്ത് അവസാനിപ്പിച്ചിടത്ത് നിന്നു ഞാൻ തുടങ്ങട്ടേ.
നിന്റെ ഗ്രാമത്തിന്റെ വർത്തമാനകാലചിത്രം ഇങ്ങിനെ നീളുന്നു... ഒരു അന്യമായ, വന്യമായ സംഗീത സംസ്കാരം നിന്റെ കൊച്ചു ഗ്രാമത്തേയും കീഴ്പ്പെടുത്തുകയാണ്. അതിന്റെ തീക്ഷ്ണ ജ്വാലകൾ ഉയർത്തുന്ന ഉന്മാദത്തിൽ നീ മറക്കുന്നത് പുള്ളുവൻപാട്ടിനേയും കൊയ്ത്തുപാട്ടിനേയും അല്ല, നിന്നെത്തന്നെയാണ്. കാലത്തിന്റെ ഇരുൾ വീണ ഒരു പാതയിലൂടെയാണ് നീയിന്നു നടന്നു പോകുന്നത്. പ്രണയങ്ങളുടെ വസന്തഭൂമിക നിന്നെ വിട്ടൊഴിഞ്ഞ് പോയിരിക്കുന്നു. ആരോടും കടപ്പാടുകളില്ലാതെ കലാപങ്ങളുടെ ഉഷ്ണനിലങ്ങളിൽ നിന്നും ഉയരുന്ന നിലവിളികൾക്ക് നേരേ നീ കാതുകൾ പൊത്തിപ്പിടിക്കുന്നു. സ്വാർഥതയുടെ ലക്ഷ്മണരേഖക്കുള്ളിൽ കിടന്നു ജീവിച്ചു തീരാൻ നീ സ്വയം വിധിക്കുന്നു...! തിരക്ക് നടിച്ചു എന്തിനോ വേണ്ടിയുള്ള പരക്കം പാച്ചിലിനിടയിൽ ഋതുക്കളുടെ വരവും പോക്കുമൊക്കെ ശ്രദ്ധിക്കാൻ നിനക്കെവിടെ സമയം... കാറ്റിന്റെ ഓംകാരം നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിൽ തംബുരുവിലൂടെ ഇളം വിരലുകൾ കൊണ്ട് ശ്രുതി ചേർത്ത് പാടുന്നത് കേൾക്കാൻ നിനക്കിന്നെവിടെ നേരം.. ഇതൊക്കെ കേട്ട് നിൽക്കുന്നുവെങ്കിൽ നീയും കൂട്ടുകാർക്കിടയിൽ പഴഞ്ചനായിപ്പോകും അല്ലേ?
കുയിലിന്റെ പാട്ടിനു മറുപാട്ട് പാടാൻ... ഒരു മിന്നാമിനുങ്ങിനെ പിടിച്ചു കൈവെള്ളയിൽ വെക്കാൻ... നാഗരികത നിന്നെ അനുവദിക്കുന്നില്ലല്ലോ. ഒരല്പം ഗൃഹാതുരതയോടെയെങ്കിലും നീയോർക്കുന്നുണ്ടാവുമോ.. ആദ്യമായ് ലോകത്തെ കണ്ട് നിലവിളിച്ച നിന്നെ സ്വാന്തനിപ്പിച്ച് ഉറക്കിയ അമ്മയുടെ താരാട്ട് പാട്ടിനെ, ബാല്യത്തിന്റെ കുസൃതിക്കാലത്ത് പുലർക്കാല മഞ്ഞിൽ മുത്തശ്ശിയുടെ വിരൽത്തുമ്പിൽ തൂങ്ങി നിർമ്മാല്യം തൊഴാനെത്തിയ നീ കൗതുകത്തോടെ കേട്ട് നിന്ന ഇടയ്ക്കക്കൊപ്പമുയർന്ന ആ ശബ്ദത്തെ...
കൗമാരത്തിന്റെ കളിചിരികളിൽ പഠനാന്തരീക്ഷത്തിലെ പിരിമുറുക്കത്തിനിടക്കെപ്പോഴോ വിറക്കുന്ന കൈകളാൽ നീ വെച്ച് നീട്ടിയ ആദ്യപ്രണയലേഖനമേറ്റു വാങ്ങിയ നിന്റെ കലാലയത്തിലെ സുന്ദരി, ആർട്സ് ഡേയ്ക്ക് ചിലങ്കയണിഞ്ഞ് വേദിയിൽ വന്നപ്പോൾ ഉയർന്ന തില്ലാനയുടെ ഈരടികളെ... മഴ പെയ്തിരുന്ന നിന്റെ പ്രണയ രാത്രികളിലെ ഏകാന്തതയുടെ തണുപ്പിൽ നീ കേൾക്കാൻ കൊതിച്ചത് അവളുടെ നാണം കലർന്ന ശബ്ദമാവാം... ഇല്ല, നീയെല്ലാം മറക്കുകയാണ്. അല്ലെങ്കിൽ നിനക്ക് മറക്കേണ്ടി വരികയാണ്.
ഹോസ്റ്റലിൽ തളക്കപ്പെട്ട ബാല്യവും, സ്നേഹ രാഹിത്യത്തിന്റെ കൗമാരവും കടന്ന് പണത്തിന്റെ ഗന്ധം മാത്രം ശ്വസിച്ച് വളരുന്ന ഒരു തലമുറയിലൂടെ നീയും കടന്നു വരുന്നു. നിന്നിലൂടെ നമ്മുടെ സംസ്കാരത്തിനും സംഗീതത്തിനുമൊക്കെ മരണം സംഭവിക്കുന്നത് എത്ര പരിതാപകരം.
അനശ്വര സംഗീതത്തിലൂടെ സംഗീത പ്രേമികളുടെ മനസ്സിൽ മിത്തായി മാറിയ ബീഥോവൻ തന്റെ സംഗീതത്തെ കുറിച്ച് ഒരിക്കൽ ഇങ്ങിനെ പറഞ്ഞു "ഹൃദയത്തിൽ നിന്ന് അത് മുളപൊട്ടുന്നു, ഹൃദയത്തിലേക്ക് അത് ആഴ്ന്നിറങ്ങുന്നു" അനുവാചകന്റെ ആത്മീയ, വൈകാരിക, അവബോധങ്ങളുടെ അഗാധതയിൽ കവിയുടെ ആത്മാവിന്റെ സ്പന്ദനവും സ്പർശവും അനുഭവിച്ചു കൊണ്ട് പടുത്തുയർത്തിയ സംഗീതത്തെ സ്നേഹിച്ച ബീഥോവൻ...
ബീഥോവന്റേയും മോസ്റ്റാർട്ടിന്റേയുമൊക്കെ ക്ലാസിക്കൽ ശൈലി പാശ്ചാത്യ സംഗീതത്തിന്റെ അലറിക്കരച്ചിലുകൾക്കിടയിൽ ഒരു തേങ്ങലായി അവശേഷിക്കുന്നുവോ? അക്രമാസക്തമായ പേക്കൂത്തുകൾ ജീവതാളമാക്കി മാറ്റിയ യൗവ്വനങ്ങളെ കണ്ട് നടുങ്ങിയ ജനത ശുദ്ധസംഗീതത്തെ എന്നോ എവിടെയോ വെച്ച് മറന്നു. ജാസി ഗിഫ്റ്റിന്റെ രൗദ്രതാളത്തിനൊത്ത് വിവസ്ത്രരാവാൻ വെമ്പൽ കൊള്ളുന്ന യുവതീ യുവാക്കളെ കണ്ട് സംശയിക്കാം, ഇത് കേരളമോ?
പ്രകൃതിയുടെ ഭാഷ മനുഷ്യന്റെ കേവലാവബോധത്തിനു അപ്രാപ്തമാണ്. അത് ആത്മാക്കളുടെ ഭാഷയാണ്, സംഗീതാമ്കമായ ആ ഭാഷ മനുഷ്യനെ പ്രകൃതിയുമായി സംവദിക്കുവാൻ പ്രാപ്തനാക്കുന്നു. മനുഷ്യൻ നിശബ്ദനും വ്യാകുലനുമാകുമ്പോൾപ്പോലും അവന്റെ ആത്മാവിൽ ഉയിർക്കൊള്ളുന്ന സംഗീതം പ്രകൃതിയുമായി സംവദിക്കുന്നു.
പ്രഭാതങ്ങളിൽ ഭക്തി, സംഗീതമായി പെയ്തിറങ്ങിയിരുന്ന നാളുകളിൽ അതൊക്കെ കേട്ടുണർന്നിരുന്ന ഗ്രാമീണ സുഹൃത്തേ ഏകാന്തതയിൽ നിന്റെ ചുണ്ടിൽ തത്തിക്കളിച്ചിരുന്ന ഗൃഹാതുരമായ ഈണങ്ങളെ മറന്നുകൊണ്ട് നിനക്കും അലറിക്കരയേണ്ടി വരുന്നു.
ആത്മീയതയാണ് ഭാരത സംഗീതത്തിന്റെ ജീവൻ. അതു നമ്മുടെ കലുഷിതമായ മനസ്സുകളെ വിശുദ്ധമാക്കുന്നു. വെറുമൊരു മുളന്തണ്ട് വേണുനാദം പൊഴിക്കുന്നതും, വലിച്ചു മുറുക്കിയ തുകൽക്കെട്ടിയ ചെണ്ടയിൽ നിന്നും ശബ്ദപ്രളയം ഉയരുന്നതും, തബലയിൽനിന്നും ദേശാടനപ്പക്ഷികളുടെ ചിറകടി വിരിയുന്നതും നീ കേൾക്കുന്നില്ലേ... ഭക്തിയും സംഗീതവും മനസ്സിന്റെ അഗാധതലങ്ങളെ സ്പർശിച്ചപ്പോൾ ദേശഭാഷാഭേദങ്ങളുടെ അതിരുകൾ കടന്നു പടർന്ന സംഗീത സാമ്രാജ്യത്തിന്റെ അധിപനായ സ്വാതിതിരുനാൾ. ഒരു ദേശം മുഴുവൻ കേട്ടുറങ്ങുന്ന താരാട്ട് പാട്ടിന്റെ ചാരുത ലളിത പദങ്ങളായ് ആടിയ വിഭിന്ന ഭാവങ്ങളിലൂടെ നമ്മുടെ സംഗീതത്തെ സമ്പുഷ്ടമാക്കിയ തൂലിക, ഇരയിമ്മൻ തമ്പി.
ഘനശാരീരത്തിന്റെ മാസ്മരിക ഭാവങ്ങളിലൂടെ സംഗീതമൊരു ഉത്സവമാക്കിയ ചെമ്പൈ വൈദ്യനാഥ ഭാഗവതർ... അശാന്തമനസ്സോടെ അലഞ്ഞ വള്ളുവനാടിന്റെ ഞരളത്ത് രാമപ്പൊതുവാൾ. കഥകളി എന്ന രംഗകലയുടെ ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് പദങ്ങളെ ഭാവഗീതങ്ങളാക്കിയ നീലകണ്ഠൻ നമ്പീശൻ.
പടപ്പാട്ടിന്റേയും മാപ്പിളപ്പാട്ടിന്റേയും ഉത്തമ മാതൃക തലമുറകളിലേക്ക് പകർന്ന മോയീൻ കുട്ടി വൈദ്യർ. ഉത്തമ സംഗീത ആത്മാവിന്റെ ഭാഷയിലൂടെ ആലപിച്ച് തേന്മഴ പൊഴിക്കുന്ന ഗാനങ്ങൾ മലയാളത്തിനു സമർപ്പിച്ച, ഈ തലമുറയ്ക്ക് വരദാനമായി ലഭിച്ച കേരളത്തിന്റെ ശബ്ദസൗകുമാര്യം, യേശുദാസ്... സംഗീതം കൊണ്ട് ലോകമനസ്സുകളെ കീഴ്പ്പെടുത്തി അജയ്യനായി നീങ്ങുന്ന നമ്മുടെ സ്വന്തം ഏ ആർ റഹ്മാൻ...
ഇനിയും എത്രയോ പേർ, നമ്മൾ മറക്കാൻ പാടില്ലാത്ത എത്രയോ പേർ.. നമ്മൾ എത്ര സമ്പന്നരാണ്. നമ്മുടെ സംഗീതത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന മഴവില്ലിൻ നിറങ്ങൾ പാശ്ചാത്യതയുടെ വിഷത്തോട് കലരുകയാണ്. അതേൽപ്പിക്കുന്ന മുറിവു നമ്മുടെ സംസ്കാരത്തിലേക്കും നീറി നീറിപ്പടരുകയാണ്.
സുഹൃത്തേ,
തൽക്കാലം നിർത്തട്ടെ നിന്റെ മൗനാനുവാദത്തോടെ തന്നെ.