അമാവാസി

കവിത വലുതായി കാണാൻ ചിത്രത്തിൽ ക്ലിക്കുക


പ്രിയപ്പെട്ട സാഗർ,
അക്ഷരലോകം ഞാൻ വിചാരിച്ചതിനേക്കാൾ വിശാലതയും വ്യാപ്തിയുമേറിയതാണ്. ഞാൻ കരുതുന്നു,  ഗദ്യത്തേക്കാൾ എനിക്കു വഴങ്ങുക കവിതയുടെ ഭാഷ്യമായിരിക്കും. അതിനാൽ സംവേദനോപാധിയായി ഞാൻ "കവിത" തന്നെ തിരഞ്ഞെടുക്കുന്നു.

എന്റെ കവിതകൾ പരിഭാഷയോടടുത്തു നില്ക്കുന്നുവെന്ന് നീ മുൻപൊരു കത്തിൽ സൂചിപ്പിച്ചിരുന്നല്ലോ. എത്ര വാസ്തവമാണതെന്ന് ചില പ്രശസ്തകവികളുടെ കവിതകൾ വായിച്ചപ്പോൾ എനിക്ക് ബോധ്യമാവുകയും ചെയ്തു. ആശയം നേരിട്ടു പറയാതെ ഗോപ്യമായും എന്നാൽ വ്യക്തമായും ദ്യോതിപ്പിക്കുന്നിടത്താണ് കവിയുടെ കഴിവ് എന്നാണ് ഈ വായനകളിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. പരിഭാഷയും കവിതകളിലുൾപ്പെടുന്നില്ലേ എന്നൊരു സംശയം എന്റെയുള്ളിലുണ്ടായിരുന്നു. എന്നാൽ യഥാർത്ഥ കവിതകളുടെ ആന്തരികമായ സൌന്ദര്യവും വശ്യതയുമൊന്നും വിവർത്തനം ചെയ്യപ്പെട്ട കവിതകൾക്കില്ല. ആശയത്തിന്റെ കരുത്തും തീവ്രതയും പോലും വിവർത്തനം ചെയ്യപ്പെടുമ്പോൾ പലപ്പോഴും ചോർന്നു പോകുന്നു. പരിഭാഷയും സ്വതന്ത്രവിവർത്തനവും, രണ്ടും രണ്ടാണെന്നും ഇപ്പോൾ ഞാനറിയുന്നു.

ഇതുവരെ വായിച്ചവയിൽ വച്ച് എനിക്ക് എറ്റവും പ്രിയപ്പെട്ട കവിതകളാണ് "അമാവാസി"യും  "ഡ്രാക്കുള"യും.  ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാടാണ് രണ്ടിന്റെയും രചയിതാവ്. "ആനന്ദധാര"യും "സന്ദർശന"വും പിറന്നു വീണത് ആ തൂലികത്തുമ്പിൽ തന്നെയാണ് എന്ന നിലയ്ക്ക് എനിക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരനാണ് അദ്ദേഹം. കാരണം ഒരു കാലത്ത് ഈ രണ്ടു കവിതകൾക്കപ്പുറം എനിക്കിഷ്ടമുള്ള മറ്റൊരു കവിത ഉണ്ടായിരുന്നില്ല. കലാലയജീവിതം ഓർക്കുമ്പോൾ ഈ കവിതകളുടെ ഓർമ്മയും കൂടെ വരും!!

എന്നും ചെയ്യാറുള്ളതു പോലെ കവിതക്ക് ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാക്കി അയക്കുന്നു. തെറ്റുണ്ടെങ്കിൽ തിരുത്തി അയക്കണം.

അമാവാസി
അധികാരവും ആജ്ഞാശക്തിയും പ്രതാപമാണെന്നു വിശ്വസിച്ചിരുന്ന ഒരു അച്ഛനും ക്രൂരമായ വിലക്കുകളും പീഢനങ്ങളും ഏറ്റു വാങ്ങേണ്ടി വന്ന  മകനും; ഈ മകന്റെ മനോവ്യാപാരങ്ങളാണ് അമാവാസി എന്ന കവിതയുടെ പ്രമേയം. വില്പ്പത്രത്തിൽ സ്വത്ത് നീക്കി വച്ചാൽ പുത്രനോടുള്ള തന്റെ ധർമ്മം പരിപൂർണ്ണമായും നിർവഹിക്കപ്പെട്ടു എന്ന് ഈ പിതാവ് വിശ്വസിച്ചിരുന്നു. പിതാവ് തന്നെ സ്നേഹിച്ചിരുന്നു എന്നതിന് ഏക തെളിവായുള്ള ഈ ഓഹരിയോട് മകന് തോന്നുന്ന മനോഭാവം പൂർണ്ണതയോടെ വരച്ചിട്ടിരിക്കുന്നു കവിതയിൽ.

കയ്പ്പേറിയ ഒരു ബാല്യമാണ് മകന്റെ ഓർമ്മകളിലുള്ളത്. ("ഓട്ടുകിണ്ടിയിൽ കണ്ണീർ മുട്ടിയ ബാല്യം തൊട്ടേ" - പാലിനു പകരം കണ്ണീർ എന്ന പ്രയോഗം വളച്ചു കെട്ടലുകളൊന്നും കൂടാതെ കാര്യം വ്യക്തമാക്കുന്നു.) ഒരു വശത്ത് അച്ഛന്റെ ചെയ്തികളോടുള്ള കടുത്ത പ്രതിഷേധം, മറുവശത്ത് അച്ഛൻ എന്തു തന്നെയായാലും ബഹുമാനിക്കപ്പെടേണ്ട വ്യക്തിയാണ് എന്ന അറിവ്, എന്തു ചെയ്യണമെന്നറിയാതെ ഭീതിദമായ ഒരു മനസ്സോടെ നില്ക്കുന്ന മകൻ. (രാപ്പകലുകളെന്റെ ചോരയെ കടയുമ്പോൾ എന്നത് പണ്ട് ദേവാസുരന്മാർ പാലാഴി കടഞ്ഞതിനെ ചേർത്തു വായിക്കുക.അമൃതിനു പകരം പൊങ്ങിവന്ന വാളും ജ്വാലാകുംഭവും നശീകരണത്തിനായുള്ള ത്വരയെ സൂചിപ്പിക്കുന്നു. ) ഒരു സ്വേച്ഛാധിപതിയായിരുന്നു അച്ഛൻ. ആ അധികാരങ്ങൾക്കും ആജ്ഞാശക്തിക്കും മുന്നിൽ ഒരു ബാലനെന്തു ചെയ്യാൻ കഴിയും?

അമ്മയും ആ അധികാരത്തിൻ കീഴിൽ അടിച്ചമർത്തപ്പെട്ടവളായിരുന്നു. നെഞ്ചിൽ തീയേന്തി നടക്കാൻ വിധിക്കപ്പെട്ട വ്യക്തിത്വമായിരുന്നു അവർ. (ആ തീ ദാരിദ്ര്യത്തിന്റേതായിരുന്നില്ലെന്ന് 'ചെമ്പുകുട്ടകത്തിലെ പുന്നെല്ല്' വ്യക്തമാക്കുന്നുണ്ട്.) സഹിഷ്ണുതയുടെ പര്യായമായിരുന്ന അവർ എല്ലാം മുജ്ജന്മപാപം  എന്നു വിശ്വസിക്കുകയും മകനെ അങ്ങനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അമ്മയുടെ ദയനീയഭാവം അച്ഛന്റെ മുള്ളു മുറ്റിയ മുഖം കുട്ടിയിൽ കൂടുതൽ ആഴത്തിൽ പതിയാൻ കാരണമായി . അമ്മതുള്ളലും സർപ്പപ്പാട്ടുമെല്ലാം പേടിപ്പെടുത്തുന്ന കാഴ്ച്ചകളായിരുന്ന ഇളംപ്രായത്തിൽ അതുപോലൊരു ഭീതിയായി മാറുകയാണ് അവന് അച്ഛനും. അച്ഛന്റെ കൂച്ചുചങ്ങലയിൽ ബന്ധിതനായി കഴിയാൻ വിധിക്കപ്പെട്ടവനായിത്തീരുകയായിരുന്നു ആ മകൻ. ( ഈ കൂച്ചുചങ്ങല സഹ്യന്റെ മകനെ ഓർമ്മിപ്പിക്കുന്നുണ്ട്.)


"മകരം മരങ്ങളിലോർമ്മകൾ പൊഴിച്ചാലും
പകരം സ്വപ്നത്തിന്റെ പച്ചകൾ പൊടിച്ചാലും"
കാലമെത്ര കഴിഞ്ഞിട്ടും മനസ്സിലെ മുറിവുണങ്ങുന്നില്ല. കൈപ്പടയിലെ അടിപ്പാടുകൾ ഇന്നും മനസ്സിൽ പ്രതിഷേധാഗ്നി ജ്വലിപ്പിക്കുന്നു. ആ അഗ്നിയുടെ ചൂടാണ് മകന്റെ ഇന്നത്തെ വാക്കുകളിലും എഴുത്തുകളിലുമെല്ലാം അനുഭവഭേദ്യമാകുന്നത്. (മഷിനോട്ടത്തിൻ ഭൂതവ്യഥ തന്നാഴത്തിലെൻ മറുപിള്ളയും മരപ്പാവയും തെളിയുമ്പോൾ - മഷിനോട്ടം എന്ന വാക്ക് കവി ഉപയോഗിച്ചിരിക്കുന്നത് എഴുത്തുമഷി എന്ന അർത്ഥത്തിലാണ്.)  ഇന്ന് രാഷ്ട്രീയപ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തനങ്ങളിലേർപ്പെടുമ്പോൾ മകൻ ഓർക്കുകയാണ്, സാമൂഹ്യദ്രോഹികളുടെ വിഷദംശനമേറ്റു മരിച്ച തന്റെ സഹപ്രവർത്തകയെ. [ അന്ത്യോപചാരങ്ങൾ പരിണയത്തിന്റെ ബിംബങ്ങളിൽ കൊരുത്താണ് കവിതയിൽ അവതരിപ്പിച്ചിരിക്കുന്നത്. (ശവക്കച്ചയിടുക - പുടവ കൊടുക്കൽ, ചിതക്ക് തീ കൊളുത്തുക - ആദ്യചുംബനം) സ്ത്രീസഹജമായ മോഹങ്ങളൊന്നും പൂർത്തീകരിക്കാതെ വിട പറയേണ്ടി വന്ന ഒരു പെൺകുട്ടിയെ ഓർത്തുള്ള വേദനയാകാം ഇത്.] എല്ലായ്പ്പോഴും തനിക്ക് പിന്നിൽ ഒരു അദൃശ്യസാന്നിദ്ധ്യവും കവിതയിലെ നായകൻ തിരിച്ചറിയുന്നു. അത് പീഢകനായ പിതാവാണോ അതോ പല അവസരത്തിലും സമൂഹത്തെ പീഢിപ്പിക്കുന്ന നീതിപീഠമാണോ? രണ്ടിലേതായാലും ആ ഭീകരസാന്നിധ്യം ഒരു അസ്വസ്ഥത തന്നെയാണ്.


എല്ലാ നിഷേധവും നായകൻ പ്രകടിപ്പിക്കുന്നത് എഴുത്തുകളിലൂടെയാണ്. സഹനത്തിന്റെയും വേദനയുടെയും കഥകൾ സർഗ്ഗസൃഷ്ടികളായി പിറവിയെടുക്കുന്നു. അമ്മയുടെ വേദന കണ്ടു സഹിക്കാനാവാതെ താതനു നേരെ കയ്യോങ്ങിയ സംഭവം മുതൽ തന്റെ ആദ്യത്തെ കുഞ്ഞിനെ പിറക്കുന്നതിനു മുൻപേ കൊല്ലേണ്ടി വന്നതിന്റെ വേദന വരെ കവിതകളായി ആവിഷ്കരിക്കുന്നു. ഈ കഥകൾ കൊണ്ടൊന്നും കാലത്തെ തടുക്കാനാവില്ല; വിശപ്പിനെ ചെറുക്കാനും, എന്നും കവി കവിതയിൽ അനുബന്ധമായി കൂട്ടിച്ചേർക്കുന്നുണ്ട്. (ചിന്തിക്കാൻ കഴിയുന്നവനു തലച്ചോറെങ്കിലുമുണ്ട്. അതുകൊണ്ട് അവൻ ഉണ്ണുന്നുമുണ്ട്. തലച്ചോറു പോലുമില്ലാത്ത ജനകോടികളുടെ ദുരന്തമാണ് കാലഘട്ടത്തിന്റെ പ്രമേയം - ലീലാവതി ടീച്ചറുടെ വാക്കുകൾ)


സമകാലജീവിതത്തിന്റെ ലജ്ജാകരമായ ചേതനയെ സൂചിപ്പിക്കുന്നവയാണ് അവസാനവരികളിലെ ഇമേജുകൾ. കഷ്ടരാത്രികളും, കാളച്ചോര കേഴുമീ ഓടകളും നിദ്രാവിഹീനമായ രാത്രികളും, ഈറ്റുനോവനുഭവിച്ച് പെറ്റുവളർത്തുന്ന ആദർശങ്ങളുടെ കർമ്മരംഗത്തുള്ള ശിഖണ്ഡിത്വവും പരാജയത്തിന്റെ നോവാറുന്നതിൻ മുൻപേ നൂതനോദ്യമങ്ങൾക്ക് വിഫലമെന്നുറപ്പുള്ള തയ്യാറെടുപ്പുകളും.. എല്ലാം കാരണം ജീവിതത്തിലേക്ക് മാരകമായ ഒരു മരവിപ്പു പടരുമ്പോൾ ഒന്നേയുള്ളൂ പറയാൻ - ഈ ജന്മമേ പാഴാകുന്നു, നരകാഗ്നിയാണെൻ പുരുഷാർത്ഥം.


മരണാനന്തരം കർമ്മങ്ങൾ ചെയ്യുമ്പോൾ പോലും മകന്റെ മനസ്സിൽ അച്ഛനോടുള്ള സ്നേഹശൂന്യത പ്രകടമാകുന്നു. വൈകാരികമായ ഒരു ബന്ധം അവർക്കിടയിൽ ഇല്ലാത്തതു കൊണ്ട് നിർവികാരമായ ഒരു മനസ്സോടെയാണ് അയാൾ പുത്രധർമ്മം നിറവേറ്റുന്നത്.  അച്ഛന്റെ ദാനമായ സ്വത്തിന്റെ ഓഹരിയുടെ അർത്ഥം അതുകൊണ്ടു തന്നെ നിരർത്ഥകമായിത്തീരുന്നു. വില്പ്പത്രം അച്ഛനെ തന്നെ തിരിച്ചേല്പ്പിക്കാനാണ് മകൻ മനസ്സുകൊണ്ടാഗ്രഹിക്കുന്നത്. സ്വത്തു സ്വീകരിക്കാതെ അക്ഷരം ഭിക്ഷാപാത്രമാക്കി അന്നം തേടാൻ മകൻ തീരുമാനമെടുക്കുന്നിടത്താണ് കവിത അവസാനിക്കുന്നത്.


ചോദിക്കാൻ വിട്ടുപോയി സാഗർ, നിനക്കു സുഖം തന്നെയാണോ എന്ന്. ഇനിയാ ചോദ്യത്തിനു പ്രസക്തിയുമില്ലല്ലോ. അമാവാസി നിന്റെ മനസ്സിനേയും പ്രക്ഷുബ്ധമാക്കിക്കാണും എന്നെനിക്കറിയാം.  ഇതിലെ ഓരോ വരിയും എന്റെ മനസ്സിൽ അസ്വസ്ഥത കോരിയിടുന്നു. അമാവാസി - പേരിനെ അന്വർത്ഥമാക്കിക്കൊണ്ട് കണ്മുന്നിൽ ഇരുളു പടർത്തുന്നു. അമാവാസിക്കു മുൻപേ ഞാൻ വായിച്ചത് ഡ്രാക്കുളയാണ്. അമാവാസി വായിച്ചു കഴിഞ്ഞപ്പോഴും എന്റെ മനസ്സിലേക്കോടി വന്നത് ഡ്രാക്കുളയിലെ ആദ്യവരികളാണ്.


"ആദിബോധത്തിന്‍റെയാകാശകോടിയില്‍
പ്രേത നക്ഷത്രം പിറക്കുന്ന പാതിര
മൂടല്‍മഞ്ഞിന്‍റെ തണുത്ത ശവക്കോടി
മൂടിക്കിടക്കും തുറമുഖപട്ടണം.."
അമാവാസിയിലെ പിതാവിനും ഒരു ഡ്രാക്കുളയുടെ ചെറുപരിവേഷമുണ്ടെന്നതു കൊണ്ടാകാം എനിക്കപ്പോൾ ഈ കവിത ഓർമ്മ വന്നത്. ഡ്രാക്കുളയെ കുറിച്ച് ഞാൻ അടുത്ത കത്തിൽ പറയാം.   അമാവാസി നിനക്ക് അനുഭവവേദ്യമായതെങ്ങനെ എന്നു നീ മറുപടി അയക്കുക. കത്ത് ചുരുക്കുന്നു.

സസ്നേഹം, 
ഋതുസഞ്ജന


നാറാണത്തു ഭ്രാന്തൻ - ഒരു ആസ്വാദനക്കുറിപ്പ്

കവിത വലുതായിക്കാണാൻ ചിത്രത്തിൽ ക്ലിക്കുക

"പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ…..
നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ ……..
പന്ത്രണ്ടു രാശിയും നീറ്റുമമ്മേ …….
നിന്റെ മക്കളിൽ ഞാനാണനാഥൻ…………"

കഴിഞ്ഞ പതിനെട്ട് വർഷമായി മലയാളി ഏറ്റവും കൂടുതൽ നെഞ്ചേറ്റി ലാളിച്ച വരികളാണിവ. വർഷങ്ങളായി യുവജനോത്സവവേദികളിലും സാഹിത്യ സദസ്സുകളിലും മുഴങ്ങിക്കേൾക്കുന്ന വരികൾ. പറയിപെറ്റ പന്തിരുകുലത്തിന്റേയും അതിലൊരുവനായ നാറാണത്ത് ഭ്രാന്തന്റേയും കഥകളുടെ ഒരു പുനരാഖ്യാനമല്ല ഈ കവിത. ജീവിതതത്വബോധാത്മകവും മനുഷ്യസംസ്കാരചരിത്രവിജ്ഞാപകവുമായ ആ കഥകൾ അവിടവിടെ ധ്വനിപ്പിക്കുക മാത്രമേ കവി ചെയ്തിട്ടുള്ളൂ. 

കവിതയുടെ താളാത്മകതയേക്കാളും അർത്ഥസമ്പുഷ്ടതയേക്കാളുമൊക്കെ എന്നെ വിസ്മയിപ്പിച്ച ഒന്നുണ്ട്, പുരാണങ്ങളിലും വേദങ്ങളിലും ഉപനിഷത്തുകളിലുമൊക്കെയുള്ള കവിയുടെ അറിവ്. ഏഴാം തരത്തിൽ പഠിക്കുമ്പോൾ കലോത്സവ വേദിയിൽ കവിതാ പാരായണ മത്സരത്തിൽ ഞാൻ ചൊല്ലിയിട്ടുള്ളതാണീ കവിത. അന്ന് കവിത ചൊല്ലിപ്പഠിക്കുമ്പോൾ പലപ്പോഴും മനസ്സ് ഈ വരികളിൽ ഉടക്കി നിന്നിരുന്നു.
"എന്റെ സിരയിൽ നുരക്കും പുഴുക്കളില്ലാ
കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ 

ഉള്ളിലഗ്നികോണിൽ കാറ്റുരഞ്ഞു തീചീറ്റുന്ന നഗ്നമാം ദുസ്വർഗ്ഗ കാമമില്ല .."

ഈ വരികളുടെ അർത്ഥമുൾക്കൊള്ളാൻ കഴിയുന്നത് പിൽക്കാലത്ത് നാരദപരിവ്രാജകോപനിഷത്ത് വായിക്കുമ്പോഴാണ്.ഒരാളുടെ ഹൃദയത്തിന്റെ അഗ്നികോണിൽ(തെക്ക് കിഴക്കേ മൂലയിൽ)ജീവൻ സ്ഥിതി ചെയ്യുമ്പോൾ അവൻ മടയനം ഉറക്കം തൂങ്ങിയും സുഖാസക്തനുമാകുമെന്ന് അതിൽ പറയുന്നുണ്ട്. സുഖാസക്തി നിറഞ്ഞ ദുഷിച്ച സ്വർഗ്ഗം താൻ അഭിലഷിക്കുന്നില്ല എന്നാണ് നാറാണത്ത് ഭ്രാന്തനിൽ കവി പറഞ്ഞത്! 


ഈ കവിത ഒരാവർത്തി കൂടി മനസ്സിലാക്കേണ്ടതുണ്ട് എന്ന് അന്നേ മനസ്സിലുറപ്പിച്ചു. ഒരിക്കൽ കൂടി നാറാണത്ത് ഭ്രാന്തനിൽക്കൂടി കടന്നു പോയപ്പോൾ മനസ്സിലായി, കാതിൽ വീണ് കാതിൽ തന്നെ വറ്റുന്ന സംഗീതമല്ല മധുസൂദനൻ നായരുടെ കവിത എന്ന് ശ്രീ ഓ എൻ വി കുറുപ്പ് പറഞ്ഞതിൽ ഒട്ടും അതിശയോക്തി ഇല്ലെന്ന്. സംഗീതാത്മകത്വത്തിന്റെ മാധുര്യം ഉൾക്കൊണ്ട് തന്നെ മനസ്സിലാഞ്ഞ് പതിക്കുന്ന ഗഹനഭാവമാണ് ഓരോ വരികളിലും.താഴെക്കൊടുത്തിരിക്കുന്ന വരികൾ ശ്രദ്ധിക്കൂ.

"ഇവിടയല്ലോ പണ്ടൊരദ്വൈതി
പ്രകൃതിതൻ വ്രതശുദ്ധി വടിവാർന്നൊരെൻ അമ്മയൊന്നിച്ച്‌
തേവകൾ തുയിലുണരുമിടനാട്ടിൽ
താരുകലാ ഭാവനകൾ വാർക്കുന്ന പൊന്നമ്പലങ്ങളീൽ ………
പുഴകൾ വെൺപാവിനാൽ വെണ്മനെയ്യും
നാട്ടു പൂഴി പരപ്പുകളിൽ ………………
ഓതിരം കടകങ്ങൾ"

വരരുചി എന്ന ബ്രാഹ്മണനു പറയിയിൽ പന്ത്രണ്ട് ദേശങ്ങളിലായി പന്ത്രണ്ട്  മക്കൾ പിറന്നു എന്ന ഐതീഹ്യത്തിന്റെ സൂചനയേക്കാളും ഇവിടെ ചേരുക തമിഴകത്തെ ഐതീഹ്യമാകും. ഭഗവൻ എന്ന സിദ്ധനു ആദി എന്ന പറയിയിൽ വള്ളുവർ, കപിലർ, ഔവ്വയാർ തുടങ്ങിയ മക്കൾ പിറന്നു എന്ന കഥ. തുടർന്നുള്ള വരിയിൽ പുഴകളുടെ ഗാനത്തെ വെൺപാവ് എന്ന് കൽപ്പിച്ചിരിക്കുന്നത് ഇതിനെ സ്ഥിരീകരിക്കുന്നു. തമിഴ്വൃത്തങ്ങളിൽ പാവ് എന്നത് പാട്ടിനങ്ങളിലെ ഒരുതരം ശീലാണ്.


"കാർമ്മണ്ണിലുയിരിട്ടൊരാശമേൽ ആര്യത്വം ഊർജ്ജരേണുക്കൾ ചൊരിഞ്ഞതും"
ഈ വരിയിലെ ആ ആര്യത്വം എന്ന പദം സൂചിപ്പിക്കുന്നത് ആര്യബ്രാഹ്മണത്വത്തെയാണ്. ആര്യമാവിന്റെ  (സൂര്യന്റെ) സ്വത്വം എന്നും പറയാം. കാർമണ്ണ്(ഭൂമി) എന്ന പറയിയിൽ സൂര്യനു പിറന്ന മക്കൾ കാലദേശഭ്രമണത്താൽ ഭിന്ന വർഗ്ഗങ്ങളായതും സൂചനയായെടുക്കാം(സൂര്യോപനിഷത്ത്).


പന്ത്രണ്ട് മക്കളും പന്ത്രണ്ട് കുലത്തിൽ വളർന്നു എന്നൊരു കാര്യം മാത്രം കവിതയിൽ എത്ര എത്ര ഉപമകളാൽ വർണ്ണിച്ചിരിക്കുന്നു എന്ന് നോക്കൂ. കവിയുടെ പരന്ന അറിവിന്റേയും വായനയുടേയും മുന്നിൽ നമിക്കാതെ തരമില്ല.

കേവലം വേദോപനിഷത്തുകളിൽ ഒതുങ്ങി നിൽക്കുന്നതല്ല മധുസൂദൻ നായരുടെ കവിത്വം.
"ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ
ഒരുകോടി ഈശ്വര വിലാപം

ഓരോ കരിന്തിരി കണ്ണിലും കാണ്മു ഞാൻ
ഒരു കോടി ദേവ നൈരാശ്യം"

ഈ വരികളിലൂടെ കടന്നു പോകുമ്പോൾ പൊടുന്നനെ ആഴങ്ങളിലേക്ക് തുറന്നു വെച്ച കണ്ണായി മാറുന്നു കവിത.
"ജ്ഞാനത്തിനായ്‌ കുമ്പിൾ നീട്ടുന്ന പൂവിന്റെ
ജാതി ചോദിക്കുന്നു വ്യോമസിംഹാസനം
ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ
ജാതകം നോക്കുന്നു ദൈത്യന്യായാസനം

ശ്രദ്ധയോടന്നം കൊടുക്കേണ്ട കൈകളോ
അർഥിയിൽ വർണ്ണവും പിത്തവും തപ്പുന്നു
ഉമിനീരിൽ എരിനീരിൽ എല്ലാം ദഹിക്കയാണു
ഊഴിയിൽ ദാഹമേ ബാക്കി " 

സാമൂഹ്യവ്യവസ്ഥകളെ ചോദ്യം ചെയ്യുന്ന ഈ വരികളിൽ നീതിയുടെ വക്താവായി മാറുന്നു കവി. 


ജീവിതാന്ത്യത്തിന്റെ രംഗഭൂമിയായ ചുടുകാട്ടിൽ എരിയാതെരിഞ്ഞ് തിരിയായി നേരു ചികയുന്ന ഭ്രാന്തൻ കാണുന്നതാണത്രേ നേർക്കാഴ്ച്ച. ഓരോരുത്തരും കണ്മുന്നിൽ കാണുന്നത് മാത്രം മനസ്സിലാക്കുമ്പോൾ മാറി നിന്ന് നോക്കുന്ന ഭ്രാന്തൻ പൂർണ്ണമായ കാഴ്ച കാണുകയും നേരു വിളിച്ച് പറയുകയും ചെയ്യുന്നു. അവൻ തന്നെയാണത്രേ ബൈബിളിലേയും ഖുറാനിലേയും പ്രവാചകൻ. ഈ ഭ്രാന്തൻ പ്രപഞ്ചരാശികളിലെന്ന പോലെ എല്ലാ മനുഷ്യമനസ്സുകളിലുമുണ്ട്. ഒരുനാൾ അവൻ ഉയിർത്തെഴുന്നേൽക്കുമെന്ന് അറിയാതെ ആശിച്ചു പോകുന്നു കവി.
"അവനിൽനിന്നാദ്യമായ്‌ വിശ്വസ്വയം പ്രഭാ പടലം
ഈ മണ്ണിൽ പരക്കും
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേരു നേരുന്ന താന്തന്റെ സ്വപ്നം"എല്ലാ മനുഷ്യ മനസ്സിലും ഏതോ സ്ഥലകാലരാശിയിൽ ഈ ഭ്രാന്തനുണ്ട് എന്ന തിരിച്ചറിവും അന്വേഷണവുമാണ് നാറാണത്ത് ഭ്രാന്തൻ എന്ന കവിതയെ, കേൾവിയെ നിതാന്തമാക്കുന്നത്; കവിതയെ നിത്യതയുടെ സൗന്ദര്യമാക്കുന്നത്.

എനിക്കായി ഞാൻ തന്നെ എഴുതിയ കത്ത്..

(വളരെ കാലം മുമ്പ് എഴുതിയ കത്താണിത്. സങ്കടങ്ങൾ മനസ്സിൽ കൂടു കൂട്ടുമ്പോൾ ഞാനീ കത്തെടുത്ത് വായിക്കും. അപ്പോൾ കിട്ടുന്ന ആശ്വാസം ചെറുതൊന്നുമല്ല)

ഹൃദയപൂർവ്വം, നിനക്കായി ഞാൻ തന്നെ എഴുതുന്നു.


പ്രിയപ്പെട്ട അഞ്ജു,
നന്മകൾ മുഴുവൻ നഷ്ടപ്പെട്ട്, കൺചിമ്മിത്തുറക്കുന്ന വേഗതയിൽ, ഈ യുഗത്തിന്റെ അകവും പുറവും മുഴുവൻ അന്ധകാരം കൊണ്ട് നിറയുന്നൊരീ വേളയിൽ; ദു:ഖാകുലമായ മനസ്സിന്റെ ആകാശത്തിൽ നന്മകളുടെ സൂര്യനായി ഉദിക്കുക. ആകുലതകളും വ്യാകുലതകളും നിറഞ്ഞ രാത്രിയെ മറക്കുക. അതാണ് ഇപ്പോഴുള്ളതും വരാനിരിക്കുന്നതുമായ ദു:ഖങ്ങൾക്കെല്ലാം പ്രായോഗികമാക്കാവുന്ന ഒരേയൊരു പരിഹാരം.


നിനക്കായി ഈ ഭൂമിയിൽ എവിടെയെങ്കിലും ഒരു ലോകമുണ്ടാകുമെന്ന് നീഒരിക്കലും വ്യാമോഹിക്കരുത്. ഭാവതീവ്രതകളുടെ അനർഘനിമിഷങ്ങളിൽ മാത്രം ആഹ്ളാദം കണ്ടെത്താൻ ശ്രമിച്ചാൽ നീയറിയാതെ തന്നെ ഈ ലോകത്തിനുമുന്നിൽ നീ അപഹാസ്യയായി മാറും. കാലത്തിനൊത്ത കോലം കെട്ടിയില്ലെങ്കിലും,സന്ദർഭത്തിനൊത്ത് പെരുമാറാനെങ്കിലും നീ പഠിച്ചിരിക്കണം.


വേദനകളുടെ കനലിൽ പിച്ച വെച്ചാണല്ലോ നീ ഇത്രയും ദൂരം നടന്നു വന്നത്. ഒന്നുംപാതി വഴിയിൽ ഉപേക്ഷിക്കരുത്. പ്രതീക്ഷയെ ഒരിക്കലും കൈവിടരുത്. നീചെയ്യുന്ന കാര്യങ്ങളിലെ നന്മയെ തിരിച്ചറിയാൻ മറ്റാർക്കും കഴിഞ്ഞില്ലെന്നുവരും. അപവാദത്തിന്റെ മുൾമുനകൾ നിന്നെ വേദനിപ്പിച്ചെന്നു വരും. എങ്കിൽ പോലും മനസ്സിലെ ദു:ഖങ്ങളേയും കനലായെരിച്ച് അവർക്കു നീ വെളിച്ചമേകുക.സ്വാർത്ഥതാൽപര്യങ്ങൾ നേടിയെടുക്കാനല്ല. സഹനവേദനകൾക്കൊടുവിൽ നിന്റെ ജീവിതം അവസാനിക്കുമ്പോഴെങ്കിലും നിന്നെയവർ കുറ്റപ്പെടുത്താതിരിക്കാൻ.
അനാവശ്യമായ വാശികൾ വിനാശത്തിലേക്കു നയിക്കും. അതിനാൽ ആവശ്യമെങ്കിൽ വളരെ പ്രിയപ്പെട്ട കാര്യങ്ങളും വിട്ടു കൊടുക്കാൻ മടിക്കരുത്.ഒരുപക്ഷേ അത് മനസ്സിനെ വല്ലാതെ വേദനിപ്പിക്കുമെങ്കിൽ പോലും. സ്വയം കൈവരിക്കുന്ന നൊമ്പരങ്ങൾക്ക് ചിലപ്പോൾ കാത്തിരുന്നു നേടിയ സന്തോഷങ്ങളേക്കാൾ മാധുര്യമേറും; ഭാവിയിലെങ്കിലും നിനക്കെല്ലാം അമൃതങ്ങളാകും. ഒന്നോർക്കുക, മരിച്ചു കഴിഞ്ഞാൽ ശാപമോക്ഷത്തിനായി പോലും നിന്റെ ആത്മാവ് ഈ ഭൂമിയിലേക്ക് വരരുത്. ലോകമത്ര ചീത്തയാണ്.അറിയുന്നില്ലേ നീ ഇതൊന്നും?


സുഖവും ദു:ഖവും നൈമിഷികമാണെന്ന് ആരെക്കാൾ നന്നായി നിനക്കറിയില്ലേ? ദുഖമെന്തെന്നറിയാത്ത ഒരാൾക്കെങ്ങനെ സന്തോഷത്തെ തിരിച്ചറിയാനാകും? ഇപ്പോഴത്തെ സങ്കടവും അതിനു വേണ്ടിയാണ്. ഒരു കയറ്റത്തിനു തൊട്ടുമുമ്പുള്ള ഇറക്കം മാത്രം.
സങ്കടപ്പെടരുത്, ഒരിക്കലും.

Be happy forever.

Yours lovingly,
Your Heart 
ഇത് ആദ്യം പബ്ലിഷ് ചെയ്തത് ഇവിടെ

നിങ്ങൾ അജ്ഞതയുടെ ഗേഹത്തിലാണ്..


പ്രിയപ്പെട്ട സാഗർ,
നിന്റെ വാക്കുകളുടെ പൊരുൾ ഞാനറിയുന്നു. അതെ, ഇതാണ് ലോകത്തിന്റെ ഹൃദയം; ഈ അക്ഷരങ്ങളുടെ ലോകം. ഈ വായു ശ്വസിക്കാനും, ഈ വെളിച്ചം നുകരാനും കഴിയുന്നത് ഏറെ നിർവൃതിപ്രദം.

അക്ഷരങ്ങളിൽ ഒളിഞ്ഞു കിടക്കുന്ന തെളിയാത്ത അക്ഷരങ്ങൾ വായിച്ചെടുക്കാൻ കഴിയുമ്പോഴാണ് നീയും അക്ഷര ലോകത്ത് ജീവിക്കാൻ പ്രാപ്തയാകുന്നത് എന്ന നിന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢാക്ഷരങ്ങൾ ഇപ്പോളെനിക്ക് കാണാൻ കഴിയുന്നുണ്ട്! സ്വപ്നങ്ങളുടെ വാതായനങ്ങൾ എനിക്കായ് തുറന്നിട്ട് വാക്കുകളുടെ ഇന്ദ്രജാലത്തിലൂടെ ഈ മാസ്മരികലോകത്തിലേക്ക് മാടി വിളിക്കുകയല്ലേ നീയെന്നെ...


അതെ സാഗർ, സത്യമാണ് നീ പറഞ്ഞത്. ഒരു നല്ല എഴുത്തുകാരന് ധാരാളം സ്വപ്നങ്ങൾ കാണാൻ കഴിവുണ്ടായിരിക്കണം, ചിന്താശേഷിയുണ്ടായിരിക്കണം. വരികൾക്കിടയിൽ വരികൾ വായിച്ചെടുത്ത് അതിലൂടെ ഒരു മറുവായന സൃഷ്ടിക്കുന്ന ഒരാൾ തീർച്ചയായും പ്രതിഭാശാലിയായിരിക്കും, ഭാവനാ സമ്പന്നൻ ആയിരിക്കും.


പ്രത്യാശകളുടേയും ആഗ്രഹങ്ങളുടേയും ആഴങ്ങളിൽ അപാരതയെക്കുറിച്ചുള്ള നിശബ്ദജ്ഞാനമുണ്ട്. ഹിമപാളികൾക്കിടയിൽ കിടന്ന് മുളപൊട്ടുന്ന കാലം കിനാവുകണ്ട് കഴിയുന്ന വിത്തിനെപ്പോലെ, എന്റെ ഹൃദയമിപ്പോൾ അക്ഷരവസന്തത്തെ കിനാവു കാണുന്നു. അനശ്വരനായ കവിയും ചിത്രകാരനുമായ ഖലീൽ ജിബ്രാൻ പറഞ്ഞതോർക്കുന്നു. "കിനാവുകളെ വിശ്വസിക്കുവിൻ, അവയിൽ അനശ്വരതയിലേക്കുള്ള വാതായനങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്." ആ അനശ്വരതയെയാണ് ഞാനിപ്പോൾ സ്വപ്നം കാണുന്നത്.


അക്ഷരങ്ങളെ സ്നേഹിച്ച്, പുസ്തകങ്ങളെ പ്രണയിച്ച്, വിജ്ഞാനത്തെ പരിണയിച്ച് എനിക്കും ഈ മലർവാടിയിൽ പാറി നടക്കുന്ന ഒരു പൂമ്പാറ്റയാകണം. നിറക്കൂട്ടുള്ള അക്ഷരങ്ങളിലൂടെ അറിവും പൊരുളും നേടി എന്റെ അകക്കണ്ണുകൾക്ക് കാഴ്ചയേകണം. അക്ഷരലോകത്തേക്കുള്ള നിന്റെ ക്ഷണം, ഞാനിതാ സ്വീകരിച്ചിരിക്കുന്നു.


അറിവിന്റെ മൂർത്തഭാവങ്ങളുടെ തലത്തിലേക്കാണ് നീയെന്നെ കൈകാട്ടി വിളിക്കുന്നത് എന്ന് എനിക്കറിയാം. അതിനർഹിക്കുന്ന പ്രാധാന്യം കൊടുക്കാനുള്ള തയ്യാറെടുപ്പുകളാണ് ഞാനിപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അക്ഷരമെന്നാൽ അറിവാണ്, അഗ്നിയാണ്, വിദ്യയാണ്... സർവ്വധനാൽ പ്രധാനമായ വിദ്യാധനത്തിന് ധനമാണ് ആവശ്യമെന്ന വിദ്യാഭ്യാസത്തിലെ പുതിയ സിദ്ധാന്തത്തിനപ്പുറം, അറിവെന്നാൽ നാം നമ്മെത്തന്നെ തിരിച്ചറിയലാണെന്നൊരു തിരുത്തിക്കുറിക്കലിനും ഞാൻ ഒരുക്കമാണ്.അക്ഷരങ്ങളിൽ നിന്നും ഒളിച്ചോടി കമ്പ്യൂട്ടറിനു മുന്നിൽ മുഖമൊളിപ്പിക്കുന്ന പുതുതലമുറയോട് നമുക്കും ഇങ്ങനെ പറയാം-

"അജ്ഞതയുടെ ഗേഹത്തിലാണ് നിങ്ങളുടെ വാസം അവിടെ ആത്മാവിനെ കാണാനുള്ള നിലക്കണ്ണാടികളില്ല"
-ജിബ്രാൻ

തിരിച്ചറിവാണ് ഏറ്റവും വലിയ അറിവെന്ന് ഞാൻ പറഞ്ഞല്ലോ. സാഗർ, നമ്മൾ അതിന്റെ മുന്നിൽ നടക്കരുത്. കാരണം, അത് നമ്മെ അനുഗമിച്ചെന്ന് വരില്ല. തിരിച്ചറിവിന്റെ ഒരടി പുറകേയും നടക്കരുത്. നമുക്ക് അതിനെ പിന്തുടർന്ന് കൂടെയെത്താൻ കഴിഞ്ഞെന്നും വരില്ല. എപ്പോഴും അതിന്റെ കൂടെത്തന്നെ നടക്കണം.. ഒരു മിത്രമായി...സഹചാരിയായി...ആ യാത്ര ഒരു പക്ഷേ ദുർഘടങ്ങൾ നിറഞ്ഞതാകാം.. നീ കേട്ടിട്ടില്ലേ ആ വരികൾ-


"നിങ്ങളുടെ വഴികളിൽ
ഞങ്ങൾ റോസാദളങ്ങൾ നിരത്തുന്നു.
ഞങ്ങളുടെ ശയ്യകളിൽ നിങ്ങൾ മുള്ളുകൾ നിറയ്ക്കുന്നു.
ആ പുഷ്പങ്ങൾക്കും മുള്ളുകൾക്കുമിടയിൽ
സത്യം പകച്ചുറങ്ങുന്നു"
-ജിബ്രാൻ

പുഷ്പങ്ങൾക്കും മുള്ളുകൾക്കുമിടയിൽ ഉറങ്ങിക്കിടക്കുന്ന ഈ സത്യത്തേയാണ് നമ്മൾ തേടിപ്പോകുന്നത്, അജ്ഞാനത്തിന്റെ പാതയോരങ്ങളിൽ ചിതറിക്കിടക്കുന്ന വിജ്ഞാനത്തിന്റെ മുത്തുകൾ തേടി. നന്മയിൽ നിന്നും ഉൾക്കൊള്ളുന്ന തിരിച്ചറിവാണ് ഈ യാത്രയിൽ നമ്മുടെ സഹചാരി.പരമമായ ലക്ഷ്യത്തിലെത്തുന്നത് വരെ ഈ പൊരുളുകളെ നമ്മൾ മുറുകെപ്പിടിക്കണം. കൂടെ ഒന്നു കൂടി ഓർമ്മിപ്പിച്ച് കൊള്ളട്ടെ- ഈ യാത്ര അനന്തമാണ്! ഒരിക്കലും അവസാനമില്ലെന്ന് കരുതി നിരാശരാകേണ്ടതില്ല, ഈ യാത്ര വിഫലമല്ല. എത്രത്തോളം മുന്നോട്ട് പോകാൻ കഴിയുന്നുവോ അത്രത്തോളം നാം അതുല്യരാകുന്നു,സാർത്ഥരാകുന്നു.

വായനയൊരു ശീലമേയല്ലാത്ത, അറിവിനേയും നന്മയേയും തങ്ങളറിയാതെ തന്നെ തിരസ്കരിക്കുന്ന പുതുതലമുറയിലെ ഭൂരിഭാഗത്തോട് എന്റെ നാല് വരികൾ കൂടി ഞാൻ കൂട്ടിച്ചേർക്കട്ടെ,ജിബ്രാനോട്...


ഞങ്ങൾ നിങ്ങൾക്കരികിൽ
സ്നേഹിതരായി വരുന്നു.
എന്നാൽ നിങ്ങളോ,
ഞങ്ങളെ പ്രതിയോഗികളെപ്പോലെ ആക്രമിക്കുന്നു.
ഞങ്ങളുടെ സൗഹൃദത്തിനും
നിങ്ങളുടെ ശത്രുതയ്ക്കുമിടയിൽ
കണ്ണീരും രക്തമൊഴുകുന്ന അഗാധമായൊരു നീർച്ചാലുണ്ട്.

ജിബ്രാന്റെ വരികളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് എഴുതിയ വരികൾ ഞാൻ അദ്ദേഹത്തിനു തന്നെ സമർപ്പിക്കുന്നു.

സാഗർ, അക്ഷരതീർത്ഥം തേടിയുള്ള ഈ പുണ്യ യാത്ര നമുക്കാരംഭിക്കാം. "തമസ്സോമാ ജ്യോതിർഗ്ഗമയാ" എന്ന മന്ത്രം ഉരുവിട്ടുകൊണ്ട്... അക്ഷരങ്ങളുടെ വെളിച്ചം നമ്മെ അറിവിലേക്ക് നയിക്കട്ടെ.

നിന്റെ മറുപടി പ്രതീക്ഷിച്ച് കൊണ്ട് നിർത്തുന്നു
ഋതുസജ്ഞന

അകലെ - രണ്ട് വാക്ക്

അനുഭവങ്ങൾക്കും ഓർമ്മകൾക്കുമിടയിൽ അസ്വസ്ഥമായ അകലം, ഒരു നിമിഷം പോലും നമ്മിൽ നിന്ന് വിട്ടു മാറാൻ കൂട്ടാക്കാത്ത വേദന..... സന്തോഷത്തിന്റെ നൈമിഷികത... സാമൂഹ്യ ചുറ്റുപാടുകളുടെ സമ്മർദ്ദം... അപകർഷതയുടെ ആത്മനൊമ്പരം... എല്ലാം ചില്ലുജീവികളെ പോലെ സുന്ദരമാണ്.. ശ്രദ്ധയില്ലാതെ ഒരു സ്പർശം, അബദ്ധത്തിൽ ഒരു നിശ്വാസം.. അതുമതി അവയുടെ ആയുസ്സു തകരാൻ. അമേരിക്കൻ കഥാകാരൻ ടെന്നീസി വില്ല്യംസിന്റെ ‘ഗ്ലാസ് മെനാജറി’ എന്ന എക്കാലത്തെയും മികച്ച നാടകത്തിന്റെ രംഗപരിഭാഷയും ശ്യാമപ്രസാദ് വെള്ളിത്തിരയിലെത്തിച്ച ‘അകലെ’യുടെ ദൃശ്യപരിഭാഷയും പരസ്പരപൂരകങ്ങളാണ്.

അമേരിക്കൻ സംസ്കാരം ഇന്ത്യൻ സാമൂഹിക പശ്ചാത്തലത്തിലുണർത്തുന്ന അസ്വസ്ഥതകളാണ് ഇതിലെ പ്രതിപാദ്യവിഷയം. നാടകീയതകൾ ഇഴ പിരിഞ്ഞ് കിടക്കുന്ന കഥാപാത്രങ്ങൾക്ക് യഥാർത്ഥജീവിതത്തോട് വളരെയധികം സാമ്യമുണ്ട്. 

ദുരന്തങ്ങളും പേറി നടക്കുന്ന ഒരുപിടി മനുഷ്യജീവിതങ്ങളെ നമുക്കിവിടെ ദർശിക്കാം. ഓർമ്മകളിൽ ആർഭാടകരമായ ഒരു ജീവിതം തിരയുകയാണിവർ.... ഒരു സുപ്രഭാതത്തിൽ പടിയിറങ്ങിപ്പോയ ഭർത്താവ്, അതേ വഴി പിന്തുടരുന്ന മകൻ, ഒരു സ്വപ്നലോകത്ത് അലയുന്ന മകൾ, അവരെ കുറിച്ച്  വേവലാതിപ്പെടുന്ന ഒരമ്മ. അവരും ഒരു സ്വപ്നലോകത്താണെന്ന് പറയാം. ഗോവയിൽ ഭർത്താവുമൊത്ത് കഴിഞ്ഞിരുന്ന ഒരു പ്രതാപകാലം മാർഗരറ്റിന്റെ ഓർമ്മകളെ വർണ്ണാഭമാക്കുന്നു. പിന്നീട് ഭർത്താവുപേക്ഷിക്കപ്പെട്ട മാർഗരറ്റ്, മക്കളോടുള്ള സ്നേഹപ്രകടനങ്ങളിലും അതിഥി സൽക്കാരങ്ങളിലും മുഴുകി വേദനയോടെ ജീവിക്കുന്നു.

നീൽ ഒരു ലിബറൽ കാലഘട്ടങ്ങളിലെ സ്വാതന്ത്ര്യം മാത്രം കിനാവു കണ്ട്, സാഹിത്യവും സ്വപ്നവും തന്റെ ജീവിതയാത്രയാണെന്ന് വിശ്വസിക്കുന്ന ഒരു ചെറുപ്പക്കാരനാണ്. മാർഗരറ്റിന്റെ നിഷ്ഠകൾക്ക് മുന്നിൽ എപ്പോഴും കലഹിക്കുന്ന നീൽ വീട് എന്ന അസ്വസ്ഥതയിൽ മാത്രം വെയർഹൌസിലെ 300 രൂപ ശമ്പളക്കാരന്റെ ജോലി ചെയ്യുന്നു. എന്നിട്ടും സ്വാർത്ഥൻ എന്ന കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുമ്പോൾ അയാൾ നിസ്സംഗത സ്ഥായീഭാവമാക്കുന്നു. വീടു വിട്ടുള്ള നടത്തം, സിനിമ ഇതെല്ലാം നീലിന്റെ സ്വാതന്ത്ര്യപ്രഖ്യാപനങ്ങളാണ്. വഴിയിൽ കണ്ട മാജിക്ക്കാരൻ ശവപ്പെട്ടിയിൽ ആണിയടിച്ച് അടക്കം ചെയ്യപ്പെട്ട ശേഷം വീണ്ടും ഉയിർത്തെണീക്കുന്ന കാഴ്ച്ച നീലിനെ സംബന്ധിച്ചിടത്തോളം അയാളുടെ തന്നെ ഉയിർത്തെഴുന്നേൽ‌പ്പാണ്. ഈ അകലത്തിനിടയിലും അയാൾ അമ്മയേയും അനുജത്തി റോസിനേയും നിസ്സഹായമായി തിരിച്ചറിയുന്നുണ്ട്.

റോസ്, അവളുടെ ഓർമ്മകളിലേക്കാണ് നീൽ തിരിച്ചെത്തുന്നത്. കാലിലെ ചെറിയ മുടന്ത് സൃഷ്ടിച്ച അപകർഷത അവളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. തന്റെ ചില്ല് ജീവികളിലാണവൾ അഭയം കണ്ടെത്തുന്നത്....

ഈ കഥയിലെ ഓരോ കഥാപാത്രത്തിനും ചില്ല് ജീവികളുമായി അടുത്ത ബന്ധമുണ്ട്, റോസിനും. ഫ്രെഡി ഇവാൻസ് എന്ന കൂട്ടുകാരനെ വിരുന്നിന് ക്ഷണിക്കുമ്പോൾ അയാൾക്ക് റോസിനെ ഇഷ്ടമാകും എന്ന് നീൽ ഉറച്ചു വിശ്വസിച്ചിരുന്നു. ഫ്രെഡിയെ റോസ് എപ്പോഴൊക്കെയോ ആരാധനയോടെ അറിഞ്ഞിരുന്നു. ഫ്രെഡി റോസിനെ അറിയാൻ ശ്രമിക്കുന്നത് അവളെ സംബന്ധിച്ചിടത്തോളം ജീവിതത്തിലേക്കുള്ള തിരിച്ചു വരവായിരുന്നു. തനിക്കേറ്റവും പ്രിയപ്പെട്ട ഒറ്റക്കൊമ്പൻ ചില്ല് ജീവിയുടെ കൊമ്പൊടിഞ്ഞു പോകുന്നതും അവൾ അശുഭകരമായി കരുതുന്നില്ല. അതും മറ്റുള്ളവയെ പോലെയാകുന്നതിന്റെ തുടക്കമാണെന്നവൾ വിശ്വസിച്ചു. നീൽ തന്റെ സഹോദരിയെ അടുത്തറിയുന്നുണ്ട്. അവിടെ ഒരു സ്വപ്നം പൂക്കുന്നതും അയാൾ കണ്ടറിയുന്നു.


എന്നാൽ ഫ്രെഡി മറ്റൊരാളുടേതാണ് എന്ന അറിവ് റോസിനെ തകർത്തു കളയുന്നു. ഒരു നിമിഷം കൊണ്ട് ജീവിതത്തിന്റെ എല്ലാം അനുഭവിച്ച് തീർക്കുന്ന തന്റെ സഹോദരിയിൽ നിന്ന് ചില്ലുജീവികളെ പോലെ ഉടഞ്ഞു വീഴുന്ന തങ്ങളുടെ തന്നെ ജീവിതത്തിന്റെ നിസ്സഹായമായ അകലം വേദനയോടെ നീൽ മനസ്സിലാക്കുന്നു

വലിയ ഇടിമിന്നലുകൾക്കിടയിൽ റോസ് കൊളുത്തി വച്ച മെഴുകുതിരികൾക്ക് എന്ത് സ്ഥാനം? എന്ന ചോദ്യം വല്ലാത്തൊരു അസ്വസ്ഥതയോടെ മാത്രമേ നമുക്കും ഉൾക്കൊള്ളാനാകൂ.. അയഥാർത്ഥമായ ഒരു ലോകത്ത്ആയിരുന്നു ഇതുവരെ ജീവിച്ചിരുന്നത് എന്നോർക്കുന്ന നീൽ, താനവർക്ക് വേദന മാത്രമേ നൽകിയിട്ടുള്ളൂ എന്ന് പശ്ചാത്തപിക്കുമ്പോഴും, ആ പശ്ചാത്താപവും വേദനയും പോലും രണ്ടും രണ്ടാണെന്നു പറയുമ്പോഴും, “അകലെ“യുടെ പ്രമേയത്തിന്റെ നിസ്സാരതയിലും ഭാവം തീവ്രമാകുന്നു.

പ്രിയ സുഹൃത്തിനു ഒരു കത്ത്


പ്രിയ സുഹൃത്തേ
കഴിഞ്ഞ കത്ത് അവസാനിപ്പിച്ചിടത്ത് നിന്നു ഞാൻ തുടങ്ങട്ടേ.
നിന്റെ ഗ്രാമത്തിന്റെ വർത്തമാനകാലചിത്രം ഇങ്ങിനെ നീളുന്നു... ഒരു അന്യമായ, വന്യമായ സംഗീത സംസ്കാരം നിന്റെ കൊച്ചു ഗ്രാമത്തേയും കീഴ്പ്പെടുത്തുകയാണ്. അതിന്റെ തീക്ഷ്ണ ജ്വാലകൾ ഉയർത്തുന്ന ഉന്മാദത്തിൽ നീ മറക്കുന്നത് പുള്ളുവൻപാട്ടിനേയും കൊയ്ത്തുപാട്ടിനേയും അല്ല, നിന്നെത്തന്നെയാണ്. കാലത്തിന്റെ ഇരുൾ വീണ ഒരു പാതയിലൂടെയാണ് നീയിന്നു നടന്നു പോകുന്നത്. പ്രണയങ്ങളുടെ വസന്തഭൂമിക നിന്നെ വിട്ടൊഴിഞ്ഞ് പോയിരിക്കുന്നു. ആരോടും കടപ്പാടുകളില്ലാതെ കലാപങ്ങളുടെ ഉഷ്ണനിലങ്ങളിൽ നിന്നും ഉയരുന്ന നിലവിളികൾക്ക് നേരേ നീ കാതുകൾ പൊത്തിപ്പിടിക്കുന്നു. സ്വാർഥതയുടെ ലക്ഷ്മണരേഖക്കുള്ളിൽ കിടന്നു ജീവിച്ചു തീരാൻ നീ സ്വയം വിധിക്കുന്നു...! തിരക്ക് നടിച്ചു എന്തിനോ വേണ്ടിയുള്ള പരക്കം പാച്ചിലിനിടയിൽ ഋതുക്കളുടെ വരവും പോക്കുമൊക്കെ ശ്രദ്ധിക്കാൻ നിനക്കെവിടെ സമയം... കാറ്റിന്റെ ഓംകാരം നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിൽ തംബുരുവിലൂടെ ഇളം വിരലുകൾ കൊണ്ട് ശ്രുതി ചേർത്ത് പാടുന്നത് കേൾക്കാൻ നിനക്കിന്നെവിടെ നേരം..  ഇതൊക്കെ കേട്ട് നിൽക്കുന്നുവെങ്കിൽ നീയും കൂട്ടുകാർക്കിടയിൽ പഴഞ്ചനായിപ്പോകും അല്ലേ?

കുയിലിന്റെ പാട്ടിനു മറുപാട്ട് പാടാൻ... ഒരു മിന്നാമിനുങ്ങിനെ പിടിച്ചു കൈവെള്ളയിൽ വെക്കാൻ... നാഗരികത നിന്നെ അനുവദിക്കുന്നില്ലല്ലോ. ഒരല്പം ഗൃഹാതുരതയോടെയെങ്കിലും നീയോർക്കുന്നുണ്ടാവുമോ.. ആദ്യമായ് ലോകത്തെ കണ്ട് നിലവിളിച്ച നിന്നെ സ്വാന്തനിപ്പിച്ച് ഉറക്കിയ അമ്മയുടെ താരാട്ട് പാട്ടിനെ, ബാല്യത്തിന്റെ കുസൃതിക്കാലത്ത് പുലർക്കാല മഞ്ഞിൽ മുത്തശ്ശിയുടെ വിരൽത്തുമ്പിൽ തൂങ്ങി നിർമ്മാല്യം തൊഴാനെത്തിയ നീ കൗതുകത്തോടെ കേട്ട് നിന്ന ഇടയ്ക്കക്കൊപ്പമുയർന്ന ആ ശബ്ദത്തെ... 

കൗമാരത്തിന്റെ കളിചിരികളിൽ പഠനാന്തരീക്ഷത്തിലെ പിരിമുറുക്കത്തിനിടക്കെപ്പോഴോ വിറക്കുന്ന കൈകളാൽ നീ വെച്ച് നീട്ടിയ ആദ്യപ്രണയലേഖനമേറ്റു വാങ്ങിയ നിന്റെ കലാലയത്തിലെ സുന്ദരി, ആർട്സ് ഡേയ്ക്ക് ചിലങ്കയണിഞ്ഞ് വേദിയിൽ വന്നപ്പോൾ ഉയർന്ന തില്ലാനയുടെ ഈരടികളെ... മഴ പെയ്തിരുന്ന നിന്റെ പ്രണയ രാത്രികളിലെ ഏകാന്തതയുടെ തണുപ്പിൽ നീ കേൾക്കാൻ കൊതിച്ചത് അവളുടെ നാണം കലർന്ന ശബ്ദമാവാം... ഇല്ല, നീയെല്ലാം മറക്കുകയാണ്. അല്ലെങ്കിൽ നിനക്ക് മറക്കേണ്ടി വരികയാണ്.

ഹോസ്റ്റലിൽ തളക്കപ്പെട്ട ബാല്യവും, സ്നേഹ രാഹിത്യത്തിന്റെ കൗമാരവും കടന്ന് പണത്തിന്റെ ഗന്ധം മാത്രം ശ്വസിച്ച് വളരുന്ന ഒരു തലമുറയിലൂടെ നീയും കടന്നു വരുന്നു. നിന്നിലൂടെ നമ്മുടെ സംസ്കാരത്തിനും സംഗീതത്തിനുമൊക്കെ മരണം സംഭവിക്കുന്നത് എത്ര പരിതാപകരം.

അനശ്വര സംഗീതത്തിലൂടെ സംഗീത പ്രേമികളുടെ മനസ്സിൽ മിത്തായി മാറിയ ബീഥോവൻ തന്റെ സംഗീതത്തെ കുറിച്ച് ഒരിക്കൽ ഇങ്ങിനെ പറഞ്ഞു "ഹൃദയത്തിൽ നിന്ന് അത് മുളപൊട്ടുന്നു, ഹൃദയത്തിലേക്ക് അത് ആഴ്ന്നിറങ്ങുന്നു" അനുവാചകന്റെ ആത്മീയ, വൈകാരിക, അവബോധങ്ങളുടെ അഗാധതയിൽ കവിയുടെ ആത്മാവിന്റെ സ്പന്ദനവും സ്പർശവും അനുഭവിച്ചു കൊണ്ട് പടുത്തുയർത്തിയ സംഗീതത്തെ സ്നേഹിച്ച ബീഥോവൻ... 

ബീഥോവന്റേയും മോസ്റ്റാർട്ടിന്റേയുമൊക്കെ ക്ലാസിക്കൽ ശൈലി പാശ്ചാത്യ സംഗീതത്തിന്റെ അലറിക്കരച്ചിലുകൾക്കിടയിൽ ഒരു തേങ്ങലായി അവശേഷിക്കുന്നുവോ? അക്രമാസക്തമായ പേക്കൂത്തുകൾ ജീവതാളമാക്കി മാറ്റിയ യൗവ്വനങ്ങളെ കണ്ട് നടുങ്ങിയ ജനത ശുദ്ധസംഗീതത്തെ എന്നോ എവിടെയോ വെച്ച് മറന്നു. ജാസി ഗിഫ്റ്റിന്റെ രൗദ്രതാളത്തിനൊത്ത് വിവസ്ത്രരാവാൻ വെമ്പൽ കൊള്ളുന്ന യുവതീ യുവാക്കളെ കണ്ട് സംശയിക്കാം, ഇത് കേരളമോ? 

പ്രകൃതിയുടെ ഭാഷ മനുഷ്യന്റെ കേവലാവബോധത്തിനു അപ്രാപ്തമാണ്. അത് ആത്മാക്കളുടെ ഭാഷയാണ്, സംഗീതാമ്കമായ ആ ഭാഷ മനുഷ്യനെ പ്രകൃതിയുമായി സംവദിക്കുവാൻ പ്രാപ്തനാക്കുന്നു. മനുഷ്യൻ നിശബ്ദനും വ്യാകുലനുമാകുമ്പോൾപ്പോലും അവന്റെ ആത്മാവിൽ ഉയിർക്കൊള്ളുന്ന സംഗീതം പ്രകൃതിയുമായി സംവദിക്കുന്നു.

പ്രഭാതങ്ങളിൽ ഭക്തി, സംഗീതമായി പെയ്തിറങ്ങിയിരുന്ന നാളുകളിൽ അതൊക്കെ കേട്ടുണർന്നിരുന്ന ഗ്രാമീണ സുഹൃത്തേ ഏകാന്തതയിൽ നിന്റെ ചുണ്ടിൽ തത്തിക്കളിച്ചിരുന്ന ഗൃഹാതുരമായ ഈണങ്ങളെ മറന്നുകൊണ്ട് നിനക്കും അലറിക്കരയേണ്ടി വരുന്നു.

ആത്മീയതയാണ് ഭാരത സംഗീതത്തിന്റെ ജീവൻ. അതു നമ്മുടെ കലുഷിതമായ മനസ്സുകളെ വിശുദ്ധമാക്കുന്നു. വെറുമൊരു മുളന്തണ്ട് വേണുനാദം പൊഴിക്കുന്നതും, വലിച്ചു മുറുക്കിയ തുകൽക്കെട്ടിയ ചെണ്ടയിൽ നിന്നും ശബ്ദപ്രളയം ഉയരുന്നതും, തബലയിൽനിന്നും ദേശാടനപ്പക്ഷികളുടെ ചിറകടി വിരിയുന്നതും നീ കേൾക്കുന്നില്ലേ... ഭക്തിയും സംഗീതവും മനസ്സിന്റെ അഗാധതലങ്ങളെ സ്പർശിച്ചപ്പോൾ ദേശഭാഷാഭേദങ്ങളുടെ അതിരുകൾ കടന്നു പടർന്ന സംഗീത സാമ്രാജ്യത്തിന്റെ അധിപനായ സ്വാതിതിരുനാൾ. ഒരു ദേശം മുഴുവൻ കേട്ടുറങ്ങുന്ന താരാട്ട് പാട്ടിന്റെ ചാരുത ലളിത പദങ്ങളായ് ആടിയ വിഭിന്ന ഭാവങ്ങളിലൂടെ നമ്മുടെ സംഗീതത്തെ സമ്പുഷ്ടമാക്കിയ തൂലിക, ഇരയിമ്മൻ തമ്പി.

ഘനശാരീരത്തിന്റെ മാസ്മരിക ഭാവങ്ങളിലൂടെ സംഗീതമൊരു ഉത്സവമാക്കിയ ചെമ്പൈ വൈദ്യനാഥ ഭാഗവതർ... അശാന്തമനസ്സോടെ അലഞ്ഞ വള്ളുവനാടിന്റെ ഞരളത്ത് രാമപ്പൊതുവാൾ. കഥകളി എന്ന രംഗകലയുടെ ചട്ടക്കൂടിനുള്ളിൽ നിന്ന് കൊണ്ട് പദങ്ങളെ ഭാവഗീതങ്ങളാക്കിയ നീലകണ്ഠൻ നമ്പീശൻ.

പടപ്പാട്ടിന്റേയും മാപ്പിളപ്പാട്ടിന്റേയും ഉത്തമ മാതൃക തലമുറകളിലേക്ക് പകർന്ന മോയീൻ കുട്ടി വൈദ്യർ. ഉത്തമ സംഗീത ആത്മാവിന്റെ ഭാഷയിലൂടെ ആലപിച്ച് തേന്മഴ പൊഴിക്കുന്ന ഗാനങ്ങൾ മലയാളത്തിനു സമർപ്പിച്ച, ഈ തലമുറയ്ക്ക് വരദാനമായി ലഭിച്ച കേരളത്തിന്റെ ശബ്ദസൗകുമാര്യം, യേശുദാസ്... സംഗീതം കൊണ്ട് ലോകമനസ്സുകളെ കീഴ്പ്പെടുത്തി അജയ്യനായി നീങ്ങുന്ന നമ്മുടെ സ്വന്തം ഏ ആർ റഹ്മാൻ...

ഇനിയും എത്രയോ പേർ, നമ്മൾ മറക്കാൻ പാടില്ലാത്ത എത്രയോ പേർ.. നമ്മൾ എത്ര സമ്പന്നരാണ്. നമ്മുടെ സംഗീതത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന മഴവില്ലിൻ നിറങ്ങൾ പാശ്ചാത്യതയുടെ വിഷത്തോട് കലരുകയാണ്. അതേൽപ്പിക്കുന്ന മുറിവു നമ്മുടെ സംസ്കാരത്തിലേക്കും നീറി നീറിപ്പടരുകയാണ്.
സുഹൃത്തേ, 

തൽക്കാലം നിർത്തട്ടെ നിന്റെ മൗനാനുവാദത്തോടെ തന്നെ.